വൈകി തുടങ്ങിയ കളിയില്‍ ഇന്ത്യ നേരത്തേ തന്നെ ആയുധം വെച്ച് കീഴടങ്ങി. ടോസ് നഷ്ടപ്പെട്ട്, ബാറ്റിങ്ങിനിറങ്ങിയ ധോനിയുടെ ടീമിന് തുടക്കം മുതല്‍ പിഴച്ചു. ലോക ഒന്നാംനിര ടീമുകളുടെ മത്സരത്തെ വര്‍ദ്ധിച്ച പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ സമീപിച്ചത്. പക്ഷെ, കാഴ്ചക്കാര്‍ക്ക് നിരാശയേകിയാണ് ഒന്നാം ടെസ്റ്റിന്‍റെ തുടക്കം.
മഴ തടസ്സപ്പെടുത്തിയ മത്സരം ആരംഭിച്ചത് ചായക്ക് തൊട്ടു മുമ്പാണ്. മൂന്നാം ഓവറില്‍ ഡെയ്ല്‍ സ്റ്റയിന്‍റെ ഓഫ് സൈഡ് പന്തിനെ അതിര്‍ത്തി കടത്താന്‍ തുനിഞ്ഞു ഹാഷിം അംലക്ക് ക്യാച്ച് നല്‍കി വിരേന്ദ്ര സെവാഗ് പുറത്താകുമ്പോള്‍ ഗംഭീര്‍ നേടിയ ഒരു റണ്‍ മാത്രമായിരുന്നു സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഒരു മണിക്കൂറും 2 മിനുട്ടും ക്രീസില്‍ നിന്ന ഗൌതം ഗംഭീര്‍ 43 പന്തുകള്‍ നേരിട്ട് 5 റണ്‍സ് നേടി.14 റണ്‍സ് എടുത്ത്, രാഹുല്‍ ദ്രാവിഡും നഷ്ടമായപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയായത്. തുടര്‍ച്ചയായി ലക്ഷ്മണും റെയ്നയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും പുറത്തായതോടെ ഏറെ കുറെ ഇന്ത്യ സമ്മര്‍ധത്തിലായി. എന്നാല്‍ മഹേന്ദ്ര സിംഗ് ധോനിക്ക് കൂട്ടിനെത്തിയ ഹര്‍ഭജന്‍ സിംഗ് ഒരിക്കല്‍ കൂടി തന്‍റെ ഉത്തരവാദിത്വം നിറഞ്ഞ ബാറ്റിംഗ് പുറത്തെടുത്തു. പക്ഷെ, 33 ഓവറിന്‍റെ രണ്ടാം പന്തില്‍ രണ്ടാം റണ്ണിനു ധോണി ക്ഷണിച്ചപ്പോള്‍ ഭാജിക്ക് പിഴച്ചു. പിറ്റെര്‍സണും ബൌച്ചറും പിഴവില്ലാതെ റണ്‍ ഔട്ട് നേടുമ്പോള്‍ ഇന്ത്യ ശരിക്കും പതറി. വാലറ്റം ഇഷാന്ത് ശര്‍മയും ശ്രീശാന്തും വേഗത്തില്‍ പുറത്തായതോടെ ഇന്ത്യ 136 റണ്‍സ് എന്ന നിലയില്‍ ആയി.
ധോണി - ഹര്‍ഭജന്‍, സച്ചിന്‍ - ലക്ഷ്മണ്‍ കൂട്ടുകെട്ടുകളാണ് ടീമിനെ ഈ സാഹചര്യത്തിലെങ്കിലും എത്തിച്ചത്. ദ്രാവിഡ് (14 ), സച്ചിന്‍ (36 ), ധോണി (33 ), ഹര്‍ഭജന്‍ (27 ) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 5 വിക്കറ്റുകള്‍ നേടിയ മോര്‍ണി മോര്‍ക്കല്‍ ആണ് ഇന്ത്യയെ തകര്‍ത്തത്. ഡെയ്ല്‍ സ്റ്റയിനും കൂട്ട് നല്‍കി. രണ്ടാം ദിനം കളി തുടരവേ, സൌത്ത് ആഫ്രിക്ക മികച്ച നിലയിലാണ്. 15 ഓവറില്‍ 47 റണ്‍സ് നേടിയിട്ടുണ്ട്.