Tuesday

ഏകദിന ക്രിക്കറ്റ്‌ 2010

38 പരമ്പരകള്‍. 142 മത്സരങ്ങള്‍. ഫലമില്ലാത്ത രണ്ടു മത്സരങ്ങള്‍. മഴ മൂലം 5 മത്സരങ്ങള്‍ ഉപേക്ഷിച്ചു. പ്രതികൂല കാലാവസ്ഥ കാരണം വെസ്റ്റിന്‍ഡിസിന്‍റെ ശ്രിലങ്കന്‍ പര്യടനത്തിലെ ഏകദിനങ്ങളുടെ പരമ്പര നീട്ടിവെച്ചു. സിഡ്നിയില്‍ ഓസ്ട്രേലിയ - വെസ്റ്റ് ഇന്‍ഡീസ്, ദാമ്പുള്ളയില്‍ ശ്രിലങ്ക - ന്യൂസീലാന്‍റ് മത്സരങ്ങളാണ് ഫലം കാണാതെ പിരിഞ്ഞത്. 2010 ലെ ഏകദിന ക്രിക്കറ്റ്‌ കണക്കെഴുത്തില്‍ ബാക്കിയാവുന്നത് ഇതാണ്: 27 വീതം ഏകദിങ്ങള്‍ കളിച്ച ഇന്ത്യയും ബംഗ്ലാദേശുമാണ് കൂടുതല്‍ മത്സരങ്ങള കളിച്ചത്. ഓസ്ട്രേലിയയാണ് അടുത്ത സ്ഥാനത്ത് - 25 .  ശ്രിലങ്ക (22 ), ന്യൂസീലാന്‍റ് (21 ), സിംബാബ്വെ (20 ), പാക്കിസ്ഥാന്‍ (18 ), ഇംഗ്ലണ്ട് (17 ), അയര്‍ലണ്ട് (17 ), വെസ്റ്റ് ഇന്‍ഡീസ് (17 ), ദക്ഷിണാഫ്രിക്ക (16 ), അഫ്ഘാനിസ്ഥാന്‍ (13 ), നെതര്‍ലാന്‍റ്സ് (12 ), കാനഡ (11 ), കെനിയ (11 ), സ്കോട്ട്ലാന്‍റ് (10 ) ഇതാണ് മറ്റു ടീമുകളുടെ സ്ഥിതി. 17 മത്സരങ്ങളുമായി ഇന്ത്യയാണ് ജയപട്ടികയില്‍ ഒന്നാമത്. കളിച്ചതും ജയിച്ചതും തമിലുള്ള അനുപാതത്തില്‍ ദക്ഷിണാഫ്രിക്കയാണ് മുന്നില്‍. 16 ല്‍ 12 മത്സരങ്ങള്‍ ജയിച്ചു.(75 ശതമാനം) ഏകദിനത്തിലെ 2010 ലെ റെക്കാഡുകള്‍ ചുരുക്കിയെഴുതാം:

ഉയര്‍ന്ന സ്കോര്‍
401 /3 ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ 2010 ഫെബ്രുവരി 24 ഗ്വാളിയോര്‍       
ക്യാപ്റ്റന്‍ രൂപ്‌സിംഗ് സ്റ്റേഡിയത്തില്‍ സച്ചിന്‍ നിറഞ്ഞാടിയപ്പോള്‍ ഈ കലണ്ടര്‍ വര്‍ഷത്തിലെ മികച്ച സ്കോറും ഇന്ത്യയുടെ മൂന്നാമത്തെ മികച്ച ടോട്ടലുമാണ് പിറന്നത്‌. ലോകപട്ടികയില്‍ ഇത് ഒമ്പതാമതാണ്. സിംബാബ്വെക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയ 399 /6 ആണ് രണ്ടാമത് സ്കോര്‍. 
കുറഞ്ഞ സ്കോര്‍  
88 ഇന്ത്യ ന്യൂസീലാന്‍റിനെതിരെ 2010 ഓഗസ്റ്റ്‌ 10 ദാമ്പുള്ള
88 അഫ്ഘാനിസ്ഥാന്‍ കെനിയക്കെതിരെ 2010 ഒക്ടോബര്‍ 7 നയ്റൊബിയില്‍    
ശ്രിലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ 288 ന് ന്യൂസീലാന്‍റിനെ പുറത്താക്കി, പ്രതീക്ഷയോടെ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മുപ്പതാം ഓവറില്‍ പുറത്താക്കപ്പെടുകയായിരുന്നു. മധ്യനിരയില്‍ ബാറ്റുചെയ്ത രവീന്ദ്ര ജഡജെയാണ് ടോപ്‌ സ്കോറര്‍ - 20 റണ്‍സ്. വീരേന്ദര്‍ സെവാഗ് 19 , ദിനേശ് കാര്‍ത്തിക് 14 , എന്നിവരാണ് അടുത്ത സ്ഥാനത്ത്. എക്സ്ട്രായായി കിട്ടിയ 9 ആണ് നാലാം സ്ഥാനത്ത്.
     കെനിയയെ 180 ന് പുറത്താക്കിയ അഫ്ഗാനിസ്ഥാനും പ്രതീക്ഷയിലായിരുന്നു. കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും തുടരാനായില്ല. ഓപ്പണര്‍മാരായ കരീം സാദിഖും    (19 ) അലി സര്‍ദാനും (41 ) മാത്രമാണ് രണ്ടക്കം കണ്ടത്. 
ഉയര്‍ന്ന മാച്ച് ടോട്ടല്‍ 
649 ഇന്ത്യ v ദക്ഷിണാഫ്രിക്ക 2010 ഫെബ്രുവരി 24  ഗ്വാളിയോര്‍   
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഗ്വാളിയോറില്‍ നടന്ന മത്സരത്തിലാണ് കൂടുതല്‍ റണ്‍സ് പിറന്നത്‌. 92 .5 ഓവറില്‍ 13 വിക്കറ്റിനു 6 .99 ശരാശരിയിലാണ് ഈ നേട്ടം. ഇന്ത്യ 401 /3 ദക്ഷിണാഫ്രിക്ക 248 എല്ലാവരും പുറത്ത്. ഫെബ്രുവരി 27 ന് നടന്ന ഇതേ ടീമിന്‍റെ മത്സരത്തിലാണ് രണ്ടാമത്തെ മികച്ച ടോട്ടല്‍ - 640 
കുറഞ്ഞ മാച്ച് ടോട്ടല്‍
207 ഇന്ത്യ v ശ്രിലങ്ക 2010 ഓഗസ്റ്റ്‌ 22 ദാമ്പുള്ള
48 .5 ഓവറില്‍ പന്ത്രണ്ടു വിക്കറ്റ് വീണ്, 207 റണ്‍സ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 33 .4 ഓവറില്‍ 103 എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രിലങ്ക 15 .1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.    

മികച്ച വിജയം
റണ്‍ അടിസ്ഥാനത്തില്‍ - 272 
ദക്ഷിണാഫ്രിക്ക v സിംബാബ്വെ 2010 ഒക്ടോബര്‍ 22 ബെനോനിയില്‍
സിംബാബ്വെക്കെതിരെ ദക്ഷിണാഫ്രിക്ക ബെനോനിയില്‍ നേടിയ വിജയം 2010 ലെ മികച്ച വിജയം കൂടിയാണ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി. വിജയത്തിനായി 8 റണ്‍സ് ശരാശരിക്കായി പോരാടിയ സിംബാബ്വെ 29 ഓവറില്‍ എല്ലാവരും പുറത്തായി.
വിക്കറ്റ് അടിസ്ഥാനത്തില്‍ - 9 വിക്കറ്റ്
9 വിക്കറ്റാണ് ആറു വിജയങ്ങളെ സൃഷ്ടിച്ചത്. ശ്രിലങ്ക മൂന്നു തവണ ഈ നേട്ടം കൈവരിച്ചു. ബംഗ്ലാദേശിനെതിരെ രണ്ടു തവണയും സിംബാബ്വെക്കെതിരെ ഒരു തവണയും. അഫ്ഗാനിസ്ഥാന്‍ സ്കോട്ട്ലാന്‍റിനെയും അയര്‍ലാന്‍റ് നെതര്‍ലാന്‍റിനെയും ഇന്ത്യ ന്യൂസീലാന്‍റിനെയും ഒമ്പത് വിക്കറ്റിനു തോല്പിച്ചു. 
കുറഞ്ഞ വിജയം
ഒരു റണ്‍സ് 
അഫ്ഘാനിസ്ഥാന്‍ v കാനഡ 2010 ഫെബ്രുവരി 16 ഷാര്‍ജ
ഇന്ത്യ v  ദക്ഷിണാഫ്രിക്ക 2010 ഫെബ്രുവരി 21 ജയ്‌പൂര്‍ 
ടോസ് നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറിനു 289 റണ്‍സ് നേടി. മികച്ച രീതിയില്‍ തുടങ്ങിയ കാനഡയ്ക്ക് പക്ഷെ, അഫ്ഗാനിസ്ഥാന്‍റെ അവസാന ഓവറുകളിലെ പ്രകടനത്തെ മറികടക്കാനായില്ല. നാല്പത്തിയാറാം ഓവറില്‍ സമിയുള്ള ഷെന്‍വാരിയുടെ മെയിഡന്‍ കാനഡയെ ശരിക്കും പ്രതിസന്ധിയിലാക്കി. പിന്നീട് കരിം സാദിഖും മുഹമ്മദ്‌ നബിയും ചേര്‍ന്ന് കാനഡയെ പിടിച്ചുകെട്ടി. അവസാനപന്തില്‍ വിജയത്തിന് നാല് റണ്‍സ് നേടാനായി ശ്രമിച്ച ഖുറം ചോഹന്‍ രണ്ടു റണ്‍സകലെ റണ്‍ ഔട്ട്‌ ആയി. 
       ഇതേ സാഹചര്യമാണ് ജയ്‌പൂരില്‍ ഇന്ത്യക്കുമുണ്ടായത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സമതുലിതമായ ബാറ്റിംഗ് കാഴ്ച വെച്ച ഇന്ത്യ ഒമ്പതിന് 298 നേടി. മികച്ച രീതിയിലാണ് ഇന്ത്യ തുടക്കത്തില്‍ പന്തെറിഞ്ഞത്. പക്ഷെ, അവസാന വിക്കറ്റുകളില്‍ ദക്ഷിണാഫ്രിക്ക നന്നായി പോരാടി. 
കൂടൂതല്‍ എക്സ്ട്രാകള്‍ 
34 
കാനഡ v അഫ്ഗാനിസ്ഥാന്‍ 2010 ജൂലൈ 1 വൂര്‍ബര്‍ഗ്  
അഫ്ഗാനിസ്ഥാന്‍ കാനഡയ്ക്ക് 34 റണ്‍സ് അധികം നല്‍കി വര്‍ഷത്തിലെ ഉയര്‍ന്ന എക്സ്ട്രാ നേട്ടത്തിനുടമയായി.
കൂടൂതല്‍ റണ്‍സ്
ഹാഷിം അംല - 1058   
 15 മത്സരങ്ങളില്‍ നിന്ന് 1058 റണ്‍സ് സ്വന്തമാക്കിയ അംലയാണ് 2010 ല്‍ കൂടൂതല്‍ റണ്‍സ് സ്വന്തമാക്കിയത്. 5 സെഞ്ച്വറികള്‍, 4 ഫിഫ്ടികള്‍ എന്നിവ അംല നേടി. 106 ഫോറുകളും ആറു സിക്സറുകളും ഉള്‍പെട്ടതാണ് അംലയുടെ ഇന്നിങ്ങ്സുകള്‍. ഉയര്‍ന്ന സ്കോര്‍ - 129 . ഇന്ത്യയുടെ വിരാട് കൊഹ്ലിയാണ് രണ്ടാമത് - 995 
ഉയര്‍ന്ന സ്കോര്‍
സച്ചിന്‍ ടെന്‍ഡുല്‍കര്‍ - 200 നോട്ട് ഔട്ട്‌ 
സച്ചിന്‍ ഫെബ്രുവരി 24 ന് ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ പിറന്നത്‌ ലോകറെക്കാഡ്. ഏകദിനത്തിലെ ഏക ഇരട്ട സെഞ്ച്വറി. ചാള്‍സ് കോവന്ട്രി (194 *) സായിദ് അന്‍വര്‍ (194 ) എന്നിവരുടെ റെക്കാഡ് ഇതോടെ ഓര്‍മയായി. തന്‍റെ 186 നോട്ട് ഔട്ട്‌ മെച്ചപ്പെടുത്തിയ സച്ചിന്‍ ഈ നേട്ടം കൈവരിച്ചത് 147 പന്തുകള്‍ നേരിട്ടാണ്. 25 ഫോറുകളും മൂന്നു സിക്സറുകളും ഉള്‍പെട്ടതാണ് സച്ചിന്‍റെ ഇന്നിങ്ങ്സ്. 90 പന്തുകളില്‍ നിന്നാണ് ആദ്യ നൂറു തികച്ചത്. അടുത്തത് 57 
ല്‍ നിന്നും.
കൂടൂതല്‍ സെഞ്ച്വറികള്‍ 
ഹാഷിം അംല,  എ ബി ഡിവില്ലിയെര്‍സ് - 5 
അംല രണ്ടുവീതം വെസ്റ്റിന്‍ഡിസിനെതിരെയും സിംബാബ്വെക്കെതിരെയും ഒന്ന് പാകിസ്ഥാനെതിരെയും. ഉയര്‍ന്ന സ്കോര്‍ -129 . ഡിവില്ലിയെര്‍സ് രണ്ടു സെഞ്ച്വറി  കള്‍ സിംബാബ്വെക്കെതിരെ നേടി. ഓരോന്ന് വീതം ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡിസ് ടീമുകള്‍ക്കെതിരെയും.
അമ്പതിലേറെ കൂടൂതല്‍ തവണ
വിരാട് കൊഹ്ലി - 10
ഏഴു ഫിഫ്ടികളും മൂന്നു നൂറും സ്വന്തമാക്കിയ വിരാട് കൊഹ്ലിയാണ് അമ്പതിലേറെ റണ്‍സ് കൂടൂതല്‍ തവണ നേടിയത്. പത്തു തവണ.
കൂടൂതല്‍ ഡക്ക് 
ജെയിംസ്‌ ഗോച്ചേ,  എച്ച് മസ്കദ്സ - 4 
കെനിയയുടെ ജെയിംസ്‌ ഗോച്ചേയും സിംബാബ്വെയുടെ   എച്ച് മസ്കദ്സയുമാണ്‌ കൂടൂതല്‍ തവണ ഡക്ക് ഔട്ട്‌ ആയത്‌.
കൂടൂതല്‍ സിക്സറുകള്‍
ഷഹിദ് അഫ്രിദി - 27 
പാക്കിസ്ഥാന്‍റെ ഷഹിദ് അഫ്രിദിയാണ് ഈ നേട്ടത്തിനുടമ. ഇന്ത്യയുടെ യൂസഫ്‌ പത്താന്‍ 14 സിക്സറുമായി ഒമ്പതാം സ്ഥാനത്താണ്‌. 
ഒരിന്നിങ്ങ്സില്‍ കൂടൂതല്‍ സിക്സറുകള്‍     
അബ്ദുല്‍ റസാഖ് - 10 
പാകിസ്ഥാന്‍റെ അബ്ദുല്‍ റസാഖ് ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരെ പത്ത് തവണയാണ് നിലം തൊടാതെ അതിര്‍ത്തി കടത്തിയത്. 72 പന്തില്‍ നിന്ന് 109 തികച്ചു.  തൊട്ടുപിന്നില്‍ ഷഹിദ് അഫ്രിദി (പാക്കിസ്ഥാന്‍), തമിം ഇക്ബാല്‍ (ബംഗ്ലാദേശ്) എന്നിവര്‍ക്കൊപ്പം 7 വിക്കറ്റുമായി ഇന്ത്യയുടെ യൂസഫ്‌ പത്താന്‍ ഉണ്ട്.
സിക്സറുകളും ഫോറുകളും - ഇന്നിങ്ങ്സില്‍ നിന്ന് കൂടൂതല്‍ റണ്‍സ് 
സച്ചിന്‍ ടെന്‍ഡുല്‍കര്‍ - 118 
25 ഫോറുകളും 3 സിക്സറും അടിച്ച സച്ചിന്‍ ഗ്വാളിയോറില്‍ വിതച്ച കാറ്റിന് തന്നെയാണ് ഈ റെകാഡും. 21 ഫോറുകളും 5 സിക്സറും അടിച്ചു കൂട്ടിയ അയര്‍ലാന്‍റിന്‍റെ പോള്‍ സ്ടിര്‍ലിങ്ങാണ് തൊട്ടുപിന്നില്‍. 
ഒരിന്നിങ്ങ്സിലെ മികച്ച സ്ട്രൈക്ക് റേറ്റ് 
ഷഹിദ് അഫ്രിദി -290 .00 
പത്തു പന്തില്‍ നിന്നും 29 റണ്‍സ് നേടിയ (മൂന്നു ഫോറുകളും രണ്ടു സിക്സറുകളും) അഫ്രിദിക്കാണ് ഈ നേട്ടം.